സൗദിയിൽ 69 തസ്തികകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവൽക്കരണം

  1. Home
  2. International

സൗദിയിൽ 69 തസ്തികകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവൽക്കരണം

saudi


സ്വകാര്യ മേഖലയുൾപ്പെടെയുള്ള 69 തസ്തികകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കി സൗദി അറേബ്യ. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (HRSD) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ അഞ്ച് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്പിഎ (SPA) റിപ്പോർട്ട് ചെയ്തു.

സെക്രട്ടേറിയൽ ജോലികൾ, വിവർത്തനം (Translation), ഡാറ്റാ എൻട്രി, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് തുടങ്ങി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ സുപ്രധാനമായ 69 തസ്തികകളിലാണ് ഇനി മുതൽ സൗദി പൗരന്മാരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്ന് നിഷ്കർഷിച്ചിരിക്കുന്നത്. ഈ തസ്തികകളിൽ ഒന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്.

നിശ്ചിത തസ്തികകളിൽ വിദേശികളെ നിയമിക്കുന്നത് തൊഴിൽ നിയമലംഘനമായി കണക്കാക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴയും മറ്റ് ശിക്ഷാ നടപടികളും ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, സ്വദേശിവൽക്കരണ പദ്ധതി കൃത്യമായി നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമുകൾ വഴി ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകും. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുള്ള സൗദി സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി.