ബഹ്റൈനിൽ സമഗ്ര നിയമപരിഷ്കരണം; പുതിയ നിയമങ്ങൾക്കും ഭേദഗതികൾക്കും രാജാവ് അംഗീകാരം നൽകി
രാജ്യത്തെ നിക്ഷേപ മേഖലയ്ക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും ഉപഭോക്തൃ സംരക്ഷണം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾക്കും നിയമഭേദഗതികൾക്കും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫ അംഗീകാരം നൽകി. പാർലമെന്റും ശൂറ കൗൺസിലും പാസാക്കിയ ഈ നിയമങ്ങൾ നീതിന്യായം, വ്യവസായം, ആരോഗ്യം, സർക്കാർ ടെൻഡറുകൾ തുടങ്ങി വിവിധ മേഖലകളെ ഉൾക്കൊള്ളുന്നതാണ്. ഈ പരിഷ്കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് പുതിയ ലീഗൽ പ്രൊഫഷൻ ലോ (അഭിഭാഷക നിയമം) ആണ്. 1980-ലെ പഴയ നിയമത്തിന് പകരമായി കൊണ്ടുവന്ന ഈ പുതിയ നിയമം വഴി അഭിഭാഷകരുടെയും നിയമസ്ഥാപനങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. പുതിയ നിയമപ്രകാരം പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് അഭിഭാഷകർക്ക് പ്രത്യേക സാവകാശവും അനുവദിക്കും.
വ്യവസായ പ്ലോട്ടുകളുടെ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനായി ‘ഇൻഡസ്ട്രിയൽ ഏരിയാസ് ലോ’യിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആരോഗ്യരംഗത്ത് ചികിത്സാ ഗുണനിലവാരം ഉറപ്പാക്കാൻ മെഡിക്കൽ, ഡെന്റൽ പ്രാക്ടീസ് നിയമങ്ങൾ ഭേദഗതി ചെയ്തു. ഇനി മുതൽ ലൈസൻസില്ലാതെ ചികിത്സ നടത്തുന്നവർക്കും വ്യാജ യോഗ്യതകൾ അവകാശപ്പെടുന്നവർക്കുമെതിരെ കർശനമായ പിഴയും നിയമനടപടിയും ഉണ്ടാകും. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ പുതിയ ഭേദഗതികൾ വഴി നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതർക്ക് കൂടുതൽ അധികാരം ലഭിക്കും. വാണിജ്യ ഡിസ്കൗണ്ട് ഓഫറുകളും പ്രൊമോഷനുകളും ഇനി മുതൽ കൃത്യമായി നിയന്ത്രിക്കപ്പെടും. സർക്കാർ ടെൻഡർ നിയമം, സിവിൽ ആൻഡ് കൊമേഴ്‌സ്യൽ പ്രൊസീജ്യർ ആക്ട് എന്നിവയിലും ഭേദഗതികളുണ്ട്.
ഇതോടൊപ്പം ഇരട്ട നികുതി ഒഴിവാക്കുന്നതിനായി സൗദി അറേബ്യയുമായി ബഹ്റൈൻ ധാരണയിലെത്തി. സമുദ്ര പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വിവര കൈമാറ്റം, കുറ്റവാളികളുടെ കൈമാറ്റം തുടങ്ങിയ അന്താരാഷ്ട്ര കരാറുകളിലും രാജ്യം ഒപ്പുവെച്ചിട്ടുണ്ട്. ആഗോള വികസനങ്ങൾക്ക് അനുസൃതമായി ബഹ്‌റൈനെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാൻ ഈ സമഗ്ര പരിഷ്കാരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
