കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച; യുഎഇയിൽ കാർ സീറ്റുകൾ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കൾ പിന്നോട്ടെന്ന് റിപ്പോർട്ട്

  1. Home
  2. International

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച; യുഎഇയിൽ കാർ സീറ്റുകൾ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കൾ പിന്നോട്ടെന്ന് റിപ്പോർട്ട്

car seat


കുട്ടികളുടെ സുരക്ഷയ്ക്കായി നാല് വയസ്സുവരെയുള്ളവർക്ക് കാർ സീറ്റുകൾ നിർബന്ധമാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും യുഎഇയിൽ നിയമം പാലിക്കുന്നതിൽ രക്ഷിതാക്കൾ പിന്നോട്ടാണെന്ന് പുതിയ സർവേ റിപ്പോർട്ട്. റോഡ് സേഫ്റ്റി യുഎഇയും അൽ വത്ബ ഇൻഷുറൻസും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചൈൽഡ് സീറ്റുകൾ അപകടസമയത്ത് മരണസാധ്യത 71 ശതമാനം വരെ കുറയ്ക്കുമെന്ന് 95 ശതമാനം രക്ഷിതാക്കളും സമ്മതിക്കുമ്പോഴും, പ്രായോഗികമായി ഇത് നടപ്പിലാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിക്കുന്നുണ്ട്.

സർവേയിലെ പ്രധാന കണ്ടെത്തലുകൾ:

  • നാല് വയസ്സിൽ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കളിൽ 72 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ചൈൽഡ് സീറ്റുകൾ ഉള്ളത്.
  • സീറ്റ് ഉള്ളവരിൽ തന്നെ 79 ശതമാനം പേർ മാത്രമാണ് യാത്രകളിൽ ഇത് എപ്പോഴും ഉപയോഗിക്കുന്നത്.
  • കുട്ടികൾക്ക് സീറ്റിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്നതാണ് ഉപയോഗിക്കാതിരിക്കാൻ ഭൂരിഭാഗം പേരും പറയുന്ന കാരണം.
  • കുട്ടികളെ കൈകളിൽ പിടിക്കുന്നത് സുരക്ഷിതമാണെന്ന് 24 ശതമാനം പേർ ഇപ്പോഴും വിശ്വസിക്കുന്നു.
  • ടാക്സികളിലോ സുഹൃത്തുക്കളുടെ വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ പകുതിയോളം പേരും (52%) ചൈൽഡ് സീറ്റുകൾ ഉപയോഗിക്കാറില്ല.
2017-നെ അപേക്ഷിച്ച് സീറ്റുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 9 ശതമാനം വർധനവുണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആശുപത്രികളിൽ നിന്ന് തന്നെ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകണമെന്ന് റോഡ് സേഫ്റ്റി യുഎഇ മാനേജിങ് ഡയറക്ടർ തോമസ് എഡൽമാൻ പറഞ്ഞു. നിയമം പാലിച്ച് കുട്ടികളെ സീറ്റിൽ ബന്ധിപ്പിക്കുന്നത് സ്നേഹത്തിന്റെ കൂടി അടയാളമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.