പിതാവ് അമീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താം; അനുശോചന പുസ്തകം തുറന്ന് ഖത്തർ മ്യൂസിയംസ്

  1. Home
  2. International

പിതാവ് അമീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താം; അനുശോചന പുസ്തകം തുറന്ന് ഖത്തർ മ്യൂസിയംസ്

qatar museums


ഖത്തറിന്റെ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ പ്രണാമമർപ്പിക്കാൻ അവസരമൊരുക്കി ഖത്തർ മ്യൂസിയംസ് (Qatar Museums). രാജ്യത്തെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് അനുശോചനം രേഖപ്പെടുത്താനായി പ്രത്യേക അനുശോചന പുസ്തകങ്ങൾ സജ്ജീകരിച്ചു. പിതാവ് അമീറിനോടുള്ള ആദരവും സ്മരണകളും നന്ദിയും പങ്കുവെക്കാൻ സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും ഇതിലൂടെ അവസരം ലഭിക്കും.

പ്രധാനപ്പെട്ട നാല് സാംസ്കാരിക കേന്ദ്രങ്ങളിലാണ് അനുശോചന പുസ്തകങ്ങൾ ഒരുക്കിയിട്ടുള്ളത്:

  • മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (MIA)
  • നാഷണൽ മ്യൂസിയം ഓഫ് ഖത്തർ (NMoQ)
  • മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
  • 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം

സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിലൂടെയും സുസ്ഥിര വികസനത്തിലൂടെയും ഖത്തറിനെ ആഗോളതലത്തിൽ ഉന്നതിയിലെത്തിച്ച മുൻ അമീറിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെ സ്മരിക്കാനുള്ള വേദിയാണിത്. മ്യൂസിയങ്ങളുടെ പതിവ് പ്രവർത്തന സമയങ്ങളിൽ പൊതുജനങ്ങൾക്ക് ഇവിടെയെത്തി അനുശോചന സന്ദേശങ്ങൾ രേഖപ്പെടുത്താം. ദേശീയ പൈതൃകത്തിനും മാനവ വികസനത്തിനും ഊന്നൽ നൽകി ആധുനിക ഖത്തറിന്റെ അടിത്തറ പാകിയ മഹാനായ ഭരണാധികാരിയുടെ പാരമ്പര്യം വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അധികൃതർ വ്യക്തമാക്കി.