പശ്ചിമേഷ്യന്‍ സംഘർഷം; ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാൻ അറിയിച്ചതായി ട്രംപ്, ചർച്ചകൾ തുടരുന്നു
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായി ചർച്ചകൾ തുടരുകയാണെന്നും ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാൻ അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. ചർച്ചകളുടെ ഫലത്തെ ആശ്രയിച്ചാകും തുടർനടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സമ്പൂർണ്ണ വിജയം നേടും വരെ യുദ്ധം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. വെടിനിർത്തൽ ആവശ്യപ്പെട്ട് റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത് വന്നതോടെ ഇറാന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാണ്.
ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും സൈനിക നീക്കങ്ങൾക്കും അയവില്ല. ആയിരത്തോളം യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടു. യുഎസ് സൈന്യത്തിന്റെ 82-ാം എയർബോൺ ഡിവിഷനാണ് നിലവിൽ മേഖലയിലേക്ക് നീങ്ങുന്നത്. ഇതിനോടകം നാലായിരത്തിലധികം സൈനികരെ യുഎസ് വിന്യസിച്ചുകഴിഞ്ഞു. യുഎസ് വിമാനവാഹിനി കപ്പലായ ജെറാൾഡ് ആർ ഫോർഡിന് സംഭവിച്ചത് ചെറിയ തകരാറല്ലെന്ന് പെന്റഗൺ വിലയിരുത്തുന്നു. ബഹ്റൈനിൽ യുഎഇ സൈനികൻ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ യുഎഇ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്രായേലിലെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും പരിക്കേറ്റവരുടെ എണ്ണം 4800 കടക്കുകയും ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 പിന്നിട്ടു. ഹിസ്ബുല്ലയെ ഇല്ലാതാക്കാതെ ആക്രമണം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. ഇതിനിടെ ഹിസ്ബുല്ലയ്ക്ക് ഇറാൻ നൽകുന്ന പിന്തുണ മുൻനിർത്തി ലെബനനിൽ നിന്നും ഇറാൻ സ്ഥാനപതിയെ പുറത്താക്കി. ഇറാനിലും വ്യോമാക്രമണം രൂക്ഷമാണ്. ഭരണസിരാ കേന്ദ്രങ്ങളിലും സിവിലിയൻ മേഖലകളിലും ഉണ്ടായ ആക്രമണത്തിൽ മരണം 1500 കടന്നതായും 18,000-ത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
