ജനവാസ മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം വേണം: മുഹറഖ് മുനിസിപ്പൽ കൗൺസിൽ
ജനവാസ മേഖലകളിലെ അസമയത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനൊരുങ്ങി മുഹറഖ് മുനിസിപ്പൽ കൗൺസിൽ. അമിതമായ ശബ്ദമലിനീകരണം മൂലം പ്രദേശവാസികളിൽ നിന്ന് പരാതികൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
നിലവിൽ നിർമ്മാണ സമയങ്ങൾ നിയന്ത്രിക്കുന്നതിന് വ്യക്തമായ നിയമപരമായ സംവിധാനങ്ങളില്ലെന്നും, കരാറുകാരുമായുള്ള പരസ്പര ധാരണയെയാണ് ആശ്രയിക്കുന്നതെന്നും വൈസ് ചെയർമാൻ സാലിഹ് ബുഹാസ പറഞ്ഞു. വികസനം നടപ്പിലാക്കുമ്പോൾ അത് താമസക്കാരുടെ സ്വസ്ഥതയെ ബാധിക്കരുതെന്നും വ്യക്തമായ നിയമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ നഗരവികസനത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ സമീപവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ ഫദൽ അൽ ഔദ് ചൂണ്ടിക്കാട്ടി. കൃത്യമായ സമയക്രമം നിശ്ചയിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാനും കരാറുകാർക്കും താമസക്കാർക്കും ഒരുപോലെ സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
