റിയാദ് മെട്രോയുടെ എക്സ്പോ സ്റ്റേഷൻ നിർമാണം തുടങ്ങി; വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വേദിയിലേക്ക്
റിയാദ് എക്സ്പോ 2030 സന്ദർശകർക്ക് യാത്ര സുഗമമാക്കുന്നതിനായി റിയാദ് മെട്രോ ശൃംഖലയിൽ പുതിയ 'എക്സ്പോ സ്റ്റേഷന്റെ' നിർമാണത്തിന് തുടക്കമായി. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് സ്റ്റേഷന്റെ നിർമാണാരംഭവും അത്യാധുനിക രൂപകൽപ്പനയും പുറത്തുവിട്ടത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മെട്രോയുടെ യെല്ലോ ലൈനിലാണ് പുതിയ സ്റ്റേഷൻ വരുന്നത്. ഇതോടെ വിമാനത്താവളത്തിൽ ഇറങ്ങുന്ന ദശലക്ഷക്കണക്കിന് സന്ദർശകർക്ക് നേരിട്ട് എക്സ്പോ വേദിയിലേക്ക് എത്താൻ സാധിക്കും. നഗരത്തിന്റെ വളർച്ചയ്ക്കും ജനസംഖ്യാ വർധനവിനും അനുസൃതമായി പൊതുഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
റിയാദിന്റെ പ്രകൃതിഭംഗിയും താഴ്വരകളും അക്കേഷ്യ മരങ്ങളും പ്രമേയമാക്കിയാണ് സ്റ്റേഷന്റെ വാസ്തുവിദ്യ ഒരുക്കിയിരിക്കുന്നത്. അക്കേഷ്യ മരങ്ങളുടെ ശാഖകളെ ഓർമ്മിപ്പിക്കുന്ന എട്ട് തൂണുകളിൽ താങ്ങിനിർത്തിയ 134 മീറ്റർ വ്യാസമുള്ള കൂറ്റൻ സ്റ്റീൽ താഴികക്കുടമാണ് ഇതിന്റെ പ്രധാന ആകർഷണം. ഏകദേശം 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന സ്റ്റേഷനിൽ മണിക്കൂറിൽ 19,000 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. പരിസ്ഥിതി സൗഹൃദ നിർമാണത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി 44,000 ചതുരശ്ര മീറ്റർ ഹരിത ഇടങ്ങളും, സ്റ്റേഷന് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം ഉൽപ്പാദിപ്പിക്കുന്നതിനായി സൗരോർജ സംവിധാനവും ഇവിടെ ഒരുക്കുന്നുണ്ട്.
എക്സ്പോ വേദിയുടെ നിർമാണത്തിനൊപ്പം തന്നെ സ്റ്റേഷന്റെ പണികളും പൂർത്തിയാക്കി പ്രദർശനത്തിന് മുൻപ് സജ്ജമാക്കാനാണ് അധികൃതരുടെ തീരുമാനം. നിർമാണ സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും പ്രത്യേക ബദൽ പാതകൾ ഒരുക്കിയിട്ടുണ്ട്. എക്സ്പോ 2030 അവസാനിച്ച ശേഷവും റിയാദിന്റെ ഭാവി വികസന മേഖലകളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത കേന്ദ്രമായി ഈ സ്റ്റേഷൻ തുടരും.
