'ക്രിപ്റ്റോകറൻസി ഒമാനിൽ നിയമപരമല്ല'; സമൂഹ മാധ്യമ പ്രചാരണത്തിനെതിരെ ഒമാൻ സെൻട്രൽ ബാങ്ക്
ക്രിപ്റ്റോകറൻസികളുടെ ഉപയോഗം ഒമാനിൽ നിയമാനുസൃതമല്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വീണ്ടും വ്യക്തമാക്കി. ഡിജിറ്റൽ കറൻസികൾക്ക് ഒമാനിൽ നിയമപരമായ അംഗീകാരമില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ബാങ്ക് ഉത്തരവാദികളായിരിക്കില്ലെന്നും പൊതു മുന്നറിയിപ്പിൽ ബാങ്ക് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ ക്രിപ്റ്റോകറൻസി ഉപയോഗത്തെക്കുറിച്ച് തെറ്റായ റിപ്പോർട്ടുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സെൻട്രൽ ബാങ്ക് ഔദ്യോഗിക പ്രസ്താവനയിറക്കിയത്. ഇത്തരം കറൻസികൾക്ക് ബാങ്ക് ഗ്യാരണ്ടി നൽകുന്നില്ലെന്നും ഒമാൻ സാമ്പത്തിക വ്യവസ്ഥയിൽ ഇവയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബാങ്കിങ് നിയമം (നമ്പർ 2025/2), നാഷണൽ പേയ്മെന്റ് സിസ്റ്റംസ് നിയമം (നമ്പർ 2018/8) എന്നിവ പ്രകാരം ക്രിപ്റ്റോകറൻസികളെ വിനിമയ ഉപാധിയായോ പേയ്മെന്റ് രീതിയായോ അംഗീകരിക്കുന്നില്ല. കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങളും സൈബർ സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ഇത്തരം ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ബാങ്ക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
