ദുബായ് കാർ ഷോറൂമിലെ സിലിണ്ടർ സ്ഫോടനം: മരിച്ച രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു

  1. Home
  2. International

ദുബായ് കാർ ഷോറൂമിലെ സിലിണ്ടർ സ്ഫോടനം: മരിച്ച രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു

dubai car showroom accident


ഷെയ്ഖ് സായിദ് റോഡിന് സമീപത്തെ കാർ ഷോറൂമിൽ തിങ്കളാഴ്ചയുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ മരിച്ച രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. കാമറൂൺ സ്വദേശിയായ എൻകെങ് ബോറിസ് (30) ആണ് മരിച്ചതെന്ന് ദുബായിലെ കാമറൂൺ കോൺസുലേറ്റ് സ്ഥിരീകരിച്ചു. 2019 മുതൽ യുഎഇയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്ന ബോറിസ്, അടുത്തിടെയാണ് ഇവിടെ പാർട്ട് ടൈം ജോലിയിൽ പ്രവേശിച്ചത്.

സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) നേരത്തെ മരിച്ചിരുന്നു. കാർ ഷോറൂമിലെ മൾട്ടിമീഡിയ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായ ഷിജിൻ കഴിഞ്ഞ നവംബറിലാണ് ജോലിയിൽ പ്രവേശിച്ചത്. അപകട സമയത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

യുഎഇയിൽ അടുത്ത ബന്ധുക്കളില്ലാത്തതിനാൽ സുഹൃത്താണ് കോൺസുലേറ്റിലെത്തി ബോറിസിന്റെ മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞത്. നിലവിൽ ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ ആരംഭിച്ചു. ഷിജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബത്തിനും അധികൃതർക്കും ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്ന് ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കി.