അച്ഛന്റെ സ്നേഹപ്രകടനം; മകളുടെ പേരിൽ ശരീരത്തിൽ 667 ടാറ്റൂകൾ

സ്വന്തം മകളുടെ പേര് ടാറ്റൂ ചെയ്ത ഒരു പിതാവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇംഗ്ലീഷുകാരനായ മാർക്ക് ഓവൻ ഇവാൻസ് ശരീരത്തിന്റെ വിവിധയിടങ്ങളിലായി മകളുടെ പേരിൽ ഏകദേശം 667 ടാറ്റൂകളാണ് ചെയ്തിരിക്കുന്നത്. 'ലൂസി' എന്നാണ് ഏഴു വയസുകാരിയായ മകളുടെ പേര്. ഇതിലൂടെ 49-കാരൻ ഗിന്നസ് ലോക റെക്കോഡ് പുസ്തകത്തിലും ഇടം നേടി. രണ്ട് തുടയിലും പുറത്തുമെല്ലാം ടാറ്റൂകളുണ്ട്.
2017-ൽ മാർക്ക് മകളുടെ പേരിൽ 267 ടാറ്റൂ ചെയ്ത് റെക്കോഡിട്ടിരുന്നു. എന്നാൽ 2020-ൽ അമേരിക്കയ്ക്കാരനായ ഡീദ്ര വിജിൽ 300 ടാറ്റൂ ചെയ്ത് മാർക്കിന്റെ റെക്കോഡ് തകർത്തു. ഇതോടെ മാർക്ക് വീണ്ടും 400 ടാറ്റൂ കൂടി ചെയ്യുകയായിരുന്നു. പുറത്ത് സ്ഥലമില്ലാത്തതിനാൽ ഇത്തവണ തുടയാണ് തിരഞ്ഞെടുത്തത്. അഞ്ചര വർഷമെടുത്താണ് ടാറ്റൂ ആർട്ടിസ്റ്റ് 400 ടാറ്റൂകൾ പൂർത്തിയാക്കിയത്.
ശരീരത്തിന് പിറകിൽ ഒരു പുസ്തകത്തിനുള്ളിലെ അക്ഷരങ്ങൾ പോലെയാണ് ആർട്ടിസ്റ്റ് 267 തവണ ലൂസി എന്ന് ടാറ്റൂ ചെയ്തത്. യഥാർഥത്തിൽ 100 ടാറ്റൂ ചെയ്യാനായിരുന്നു മാർക്കിന്റെ പദ്ധതി. എന്നാൽ ആർട്ടിസ്റ്റ് ആ പുസ്തകത്തിനുള്ളിൽ 267 'ലൂസി' ടാറ്റൂകൾ വൃത്തിയായി ഉൾക്കൊള്ളിച്ചു. ഗിന്നസ് റെക്കോഡ് മകൾക്കാണ് സമർപ്പിക്കുന്നതെന്നും മാർക്ക് വ്യക്തമാക്കി.