സിംബാബ്‌വെയിലെ ബോട്ട് അപകടത്തിൽ മരണം 72 ആയി, രാജ്യത്തെ ഏറ്റവും വലിയ ജലദുരന്തം
സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 72 ആയി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജലദുരന്തങ്ങളിലൊന്നാണിത്. റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി നടത്തുന്ന ബോട്ട് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റി യാത്ര ചെയ്യവേ ശക്തമായ കാറ്റിൽ പെട്ട് കീഴ്മേൽ മറിയുകയായിരുന്നു. 90 പേർക്ക് മാത്രം സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ നൂറ്റമ്പതിലധികം ആളുകളുണ്ടായിരുന്നു.
സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ 77 പേരെ രക്ഷപ്പെടുത്തി. കടുത്ത തണുപ്പ് കാരണം മൃതദേഹങ്ങൾ തെളിഞ്ഞു വരാൻ വൈകുന്നുണ്ടെങ്കിലും മുഴുവൻ ആളുകളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. ബോട്ട് പുറപ്പെട്ട ഉടൻ തന്നെ ഉള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയിരുന്നതായി രക്ഷപ്പെട്ടവർ വെളിപ്പെടുത്തി. ജീവൻരക്ഷാ ജാക്കറ്റുകൾ ഉപയോഗിക്കാൻ അറിയാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
