ഡീപ്ഫേക്ക് വിഡിയോകൾക്ക് പിടിവീഴും; സ്വന്തം എ.ഐ മോഡലായ 'സറാബ്' അവതരിപ്പിച്ച് ദുബായ്

  1. Home
  2. International

ഡീപ്ഫേക്ക് വിഡിയോകൾക്ക് പിടിവീഴും; സ്വന്തം എ.ഐ മോഡലായ 'സറാബ്' അവതരിപ്പിച്ച് ദുബായ്

deep fake


നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വിഡിയോകളും (ഡീപ്ഫേക്ക്) പരസ്യങ്ങളും കണ്ടെത്താൻ അത്യാധുനിക എ.ഐ മോഡലുമായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (ഡെസ്ക്). 'സറാബ്' എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ വിഡിയോകൾ സൂക്ഷ്മമായി പരിശോധിക്കുകയും, ഡീപ്ഫേക്ക് ചെയ്ത മുഖത്തിന്റെ ഭാഗങ്ങൾ ഹീറ്റ് മാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യും. എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന 'ഗിസെക് ഗ്ലോബൽ' സൈബർ സുരക്ഷാ പ്രദർശനത്തിലാണ് പുതിയ പ്രഖ്യാപനമുണ്ടായത്.

അറബ് മേഖലയിൽ ഒരു സർക്കാർ ഏജൻസി പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ എ.ഐ മോഡലാണ് ഇത്. ഈ വർഷാവസാനത്തോടെ പുറത്തിറങ്ങുന്ന ഈ മോഡലിന് 91 ശതമാനം കൃത്യതയുണ്ടെന്നും, ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്നും അധികൃതർ അവകാശപ്പെട്ടു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഒരു വിഡിയോയിലെ അവസാന 30 സെക്കൻഡ് മാത്രമാണ് വ്യാജമെങ്കിൽ പോലും, അത് വേഗത്തിൽ തിരിച്ചറിയാൻ സറാബിന് സാധിക്കും.

പ്രമുഖ ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമായ 'ഹഗ്ഗിങ് ഫേസ്' വഴിയായിരിക്കും പുതിയ എ.ഐ മോഡൽ ലഭ്യമാക്കുക. ഓപ്പൺ സോഴ്സ് ആയതിനാൽ തന്നെ സാങ്കേതിക വിദഗ്ധർക്കും ഉപയോക്താക്കൾക്കും ഇതിന്റെ സോഴ്സ് കോഡ് പരിശോധിച്ച് ആവശ്യാനുസരണം കൂടുതൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഡീപ്ഫേക്കുകൾ ഉപയോഗിച്ച് സാമ്പത്തിക-സുരക്ഷാ ഭീഷണികൾ സൃഷ്ടിക്കുന്ന വ്യാജ പരസ്യങ്ങളും പ്രചാരണങ്ങളും തടയാൻ പുതിയ സാങ്കേതികവിദ്യ സഹായകമാകും.