പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസം പരിഹരിക്കും; പ്രവാസികളുടെ ക്ഷേമത്തിന് പ്രഥമ പരിഗണനയെന്ന് അംബാസഡർ വിപുൽ
സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് പ്രഥമ പരിഗണന നൽകുമെന്നും എംബസിയുടെ വാതിലുകൾ പ്രവാസികൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുമെന്നും സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ വ്യക്തമാക്കി. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നമായ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസം ഉടൻ പരിഹരിക്കും. അപ്പോയിൻമെന്റിനായി ഒന്നര മാസത്തോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്നും എംബസിയിൽ മുമ്പ് നടന്നിരുന്ന 'ഓപ്പൺ ഹൗസ്' പുനരാരംഭിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തൊഴിലാളി പ്രശ്നങ്ങൾ, മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കൽ തുടങ്ങിയ വിഷയങ്ങളിൽ എംബസിയുടെ പൂർണ്ണ പിന്തുണയുണ്ടാകും.
പ്രവാസി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനാണ് എംബസി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രധാന പങ്കാളിയായ സൗദിയുമായുള്ള നയതന്ത്ര, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും, പ്രധാനമന്ത്രിയുടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി പ്രവാസികൾ ഒന്നിക്കണമെന്നും അംബാസഡർ ആഹ്വാനം ചെയ്തു.
