'ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കുക'; 'ഷൂട്ട് ആൻഡ് കിൽ' ഉത്തരവുമായി ഡോണാൾഡ് ട്രംപ്

  1. Home
  2. International

'ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കുക'; 'ഷൂട്ട് ആൻഡ് കിൽ' ഉത്തരവുമായി ഡോണാൾഡ് ട്രംപ്

us navy


ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക്. കടലിടുക്കിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഏത് ബോട്ടുകളെയും തകർക്കാൻ അമേരിക്കൻ നാവികസേനയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസിൽ തടസ്സമായി നിൽക്കുന്ന ബോട്ടുകൾ എത്ര ചെറുതാണെങ്കിലും അവ വെടിവെച്ച് വീഴ്ത്താനാണ് നിർദ്ദേശം.

ഇറാൻ നാവികസേനയുടെ ബോട്ടുകളെ ലക്ഷ്യം വെച്ചാണ് ട്രംപിന്റെ ഈ കടുത്ത നീക്കം. ഇറാന്റെ 159 നാവിക കപ്പലുകൾ ഇതിനോടകം തന്നെ കടലിനടിയിലാണെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനം മൂന്നിരട്ടിയായി വർധിപ്പിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്നും യുഎസ് നാവികസേനയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും അവിടെ പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള ഒരു ഉടമ്പടിയിൽ എത്തുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാനിലെ ഭരണനേതൃത്വത്തിനിടയിലുള്ള അഭിപ്രായ ഭിന്നതകളെയും ട്രംപ് തന്റെ പോസ്റ്റിലൂടെ പരിഹസിച്ചു. ഹോർമുസിൽ വെച്ച് ഇറാൻ കഴിഞ്ഞ ദിവസം മൂന്ന് കപ്പലുകൾ ആക്രമിക്കുകയും രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ പ്രത്യാക്രമണ നീക്കം. ഇറാനുമായി ബന്ധമുള്ള കപ്പലുകൾ യുഎസ് നാവികസേനയും കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്തിരുന്നു. ഇതോടെ മേഖലയിൽ സംഘർഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുകയാണ്.