കുവൈത്തിൽ ഡിജിറ്റൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്ക് തുടക്കം;ഇന്നുമുതൽ സിക്ക് ലീവിന് 'സഹൽ' ആപ്പ് വഴി അപേക്ഷിക്കാം
കുവൈത്തിൽ വിദ്യാർത്ഥികൾക്കായുള്ള സിക്ക് ലീവ് അപേക്ഷകൾ ഇനി മുതൽ 'സഹൽ' ആപ്പ് വഴി സമർപ്പിക്കാം. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് പുതിയ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയത്.സർക്കാർ ആശുപത്രികളിൽ നിന്നും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇനി മുതൽ നേരിട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. രക്ഷിതാക്കൾക്ക് സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾക്കായി പേപ്പർ രേഖകൾ വാങ്ങാനോ അവ നേരിട്ട് സ്‌കൂളുകളിൽ എത്തിക്കാനോ ബുദ്ധിമുട്ടേണ്ടതില്ല.
സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്ന സമയം തന്നെ രക്ഷിതാക്കൾക്ക് 'സഹൽ' ആപ്പ് വഴി നോട്ടിഫിക്കേഷൻ ലഭിക്കും. സമയം ലാഭിക്കാനും വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി.വിദ്യാർഥികളെയും രക്ഷിതാക്കളെയും കേന്ദ്രീകരിച്ചുള്ള കാര്യക്ഷമമായ സർക്കാർ സേവന വ്യവസ്ഥയുടെ ഭാഗമാണിതെന്നും സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജോലികൾ ഇത് എളുപ്പമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ-തബ്തബായും അറിയിച്ചു.
