ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ജാഗ്രതയോടെ ഉപയോഗിക്കണം; കർശന നിർദ്ദേശങ്ങളുമായി റോയൽ ഒമാൻ പോലീസ്
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും മറ്റുള്ളവരുടെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ് (ROP). നിയമലംഘനങ്ങളിലേക്ക് നയിക്കുന്ന ഓൺലൈൻ ഇടപെടലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ പ്രത്യേക ബോധവൽക്കരണ സന്ദേശത്തിലാണ് ആർ.ഒ.പി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വ്യക്തിഹത്യ നടത്തൽ, അപകീർത്തിപ്പെടുത്തൽ, വ്യാജവാർത്തകളും അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളും പ്രചരിപ്പിക്കൽ എന്നിവ സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങൾ, ഭീഷണികൾ, ഡിജിറ്റൽ അക്കൗണ്ടുകളും സിസ്റ്റങ്ങളും ഹാക്ക് ചെയ്യൽ, മുൻകൂട്ടി അനുവാദം വാങ്ങാതെ മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ പൂർണ്ണമായും വിട്ടുനിൽക്കണം.
സുരക്ഷിതമായ ഒരു ഡിജിറ്റൽ ലോകം കെട്ടിപ്പടുക്കാൻ ഒന്നിച്ച് മുന്നേറാമെന്നും സൈബർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ആർ.ഒ.പി ബോധവൽക്കരണ കാമ്പയിനിലൂടെ വ്യക്തമാക്കി.
