മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര നീക്കം; ഇറാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി സൗദി

  1. Home
  2. International

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര നീക്കം; ഇറാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി സൗദി

SAUDI


പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രിമാരുമായി നിർണ്ണായക ചർച്ചകൾ നടത്തി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഫോൺ വഴിയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായും പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദറുമായും ചർച്ച നടത്തിയത്. മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കാണുന്നതിനും സൗദി അറേബ്യ ഊന്നൽ നൽകി.

സമാധാന പദ്ധതിക്ക് ഇറാൻ നൽകിയ മറുപടി അമേരിക്ക തള്ളിയതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. അമേരിക്കയുമായി നടത്തുന്ന ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രി സൗദിയുമായി പങ്കുവെച്ചു. വിഷയത്തിൽ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി സൗദി ആവർത്തിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നീക്കങ്ങളെയും സ്വാഗതം ചെയ്യുന്നതായി മന്ത്രിമാർ ചർച്ചയിൽ വ്യക്തമാക്കി.

മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകൾ തുടരണമെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ചർച്ചയിൽ വിഷയമായി. സമാധാനത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ മൂന്ന് രാജ്യങ്ങളും ധാരണയിലെത്തി.