റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇനി നേരിട്ട് പറക്കാം;ഒക്ടോബർ 26 മുതൽ പുതിയ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദിയിലെ റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് പുതിയ സർവീസ് പ്രഖ്യാപിച്ചത്. ഒക്ടോബർ 26 മുതൽ സർവീസ് ആരംഭിക്കും.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ 11.35ന് പുറപ്പെടുന്ന ഐ.എക്സ് 521 വിമാനം ഉച്ചയ്ക്ക് 3.05ന് റിയാദിലെത്തും. മടക്ക സർവീസായ ഐ.എക്സ് 522 റിയാദിൽ നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 11.50ന് തിരുവനന്തപുരത്തെത്തും.
നിലവിൽ റിയാദ്-തിരുവനന്തപുരം റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തതിനാൽ തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർ കണക്ഷൻ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ സർവീസ് ആരംഭിക്കുന്നത് തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
ഈ റൂട്ടിൽ നേരിട്ടുള്ള സർവീസ് നടത്താൻ സൗദി എയർലൈൻസ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ആഭ്യന്തര വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാടിൽ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് പ്രഖ്യാപനം.
