രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിയിക്കാതെ വാഹനം ഓടിക്കരുത്; സുരക്ഷാ മുന്നറിയിപ്പുമായി ഖത്തർ

  1. Home
  2. International

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിയിക്കാതെ വാഹനം ഓടിക്കരുത്; സുരക്ഷാ മുന്നറിയിപ്പുമായി ഖത്തർ

qatar night driving


രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകൾ തെളിയിക്കാതെ യാത്ര ചെയ്യുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്ന് ഓർമിപ്പിച്ച് ഖത്തർ ആഭ്യന്തരം മന്ത്രാലയം. സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയുള്ള സമയങ്ങളിൽ ആവശ്യമായ ലൈറ്റുകൾ തെളിയിക്കാതെ വാഹനങ്ങൾ ഓടിക്കുന്നത് കുറ്റകരമാണെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 അനുസരിച്ച് രാത്രി വേളകൾക്ക് പുറമെ, പകൽ സമയങ്ങളിൽ മൂടൽമഞ്ഞോ മറ്റ് പ്രതികൂല കാലാവസ്ഥയോ മൂലം കാഴ്ച മങ്ങുന്ന സാഹചര്യങ്ങളിലും ലൈറ്റുകൾ നിർബന്ധമായും ഉപയോഗിക്കണം. വാഹനങ്ങൾക്ക് മുന്നിലെ ഹെഡ്‌ലൈറ്റുകളും പിന്നിലെ ടാസ്ക് ലൈറ്റുകളും പ്രവർത്തനക്ഷമമായിരിക്കണം. എതിർദിശയിൽ നിന്ന് വാഹനങ്ങൾ വരുമ്പോൾ മറ്റു ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടാതിരിക്കാൻ 'ഡിപ്പ്ഡ് ബീം' അല്ലെങ്കിൽ സൈഡ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

നിയമലംഘനം നടത്തുന്നവർക്ക് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 95 പ്രകാരം 3,000 ഖത്തറി റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഒരു ആഴ്ച മുതൽ ഒരു വർഷം വരെ തടവുശിക്ഷയോ ലഭിക്കാമെന്ന് ലീഗൽ പോർട്ടലായ അൽ മീസാൻ വ്യക്തമാക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി യാത്ര തിരിക്കുന്നതിന് മുൻപ് വാഹനത്തിലെ ലൈറ്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.