വളർത്തുനായയെ കണ്ടെത്തിത്തരുന്നവർക്ക് 22 ലക്ഷം രൂപ പാരിതോഷികം; തിരികെ നൽകുന്നവരോട് ഒന്നും ചോദിക്കില്ലെന്നും ഉറപ്പ്
തന്റെ കാണാതായ വളർത്തുനായയെ കണ്ടെത്തിത്തരുന്നവർക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. ദുബായിലെ എമിറേറ്റ്‌സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു നായയെ കാണാതായത്. പെറ്റ് റീലൊക്കേഷൻ കമ്പനിയുടെ വാഹനത്തിൽ നിന്നാണ് നായയെ കാണാതായത്. തുടർന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ (കമ്മ്യൂണിറ്റി 214) ശനിയാഴ്ച വെകുന്നേരം 6.40 നാണ് നായയെ അവസാനമായി കണ്ടത്.
ഉടമയും കുടുംബവും 'കഡിൽസ്' എന്ന നായയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഒരു ലക്ഷം ദിർഹം (22,61,680 ഇന്ത്യൻ രൂപ) പാരിതോഷികം പ്രഖ്യാപിച്ചത്. നായയെ തിരികെ നൽകുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ പറയുന്നു.