ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം; പത്ത് നാൾ നീളുന്ന അക്ഷരോത്സവം
വായനാലോകം കാത്തിരുന്ന മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (DIBF) ഇന്ന് തിരിതെളിയും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേള മെയ് 23 വരെ നീണ്ടുനിൽക്കും. ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രസാധകരാണ് ഇത്തവണ അക്ഷരോത്സവത്തിൽ അണിനിരക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതിപ്പായിരിക്കും ഇതെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
പത്ത് ദിവസം നീളുന്ന മേളയിൽ ഏകദേശം 18.5 ലക്ഷം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. പുസ്തക വിപണനത്തിന് പുറമെ സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, പാനൽ ചർച്ചകൾ തുടങ്ങി വിപുലമായ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പ്രത്യേക സോണും പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഗൈഡ് സെഷനുകളും ഇത്തവണത്തെ പ്രത്യേകതയാണ്. 143 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും മേളയിൽ നടക്കും.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 10 മണി വരെയായിരിക്കും സമയം. 1972-ൽ തുടക്കം കുറിച്ച ഈ മേള, മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയ പുസ്തകോത്സവങ്ങളിലൊന്നാണ്. ഖത്തറിലെ പ്രസാധകരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അവാർഡ് പ്രഖ്യാപനവും മേളയുടെ ഭാഗമായി നടക്കും.
