ദോഹ ടാറ്റൂ ഫെസ്റ്റിവൽ ഇന്നു മുതൽ; അന്താരാഷ്ട്ര മിലിട്ടറി മ്യൂസിക് മേളയ്ക്ക് കതാറയിൽ തുടക്കം
ഇൻ്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച് 'ദോഹ ടാറ്റൂ ഫെസ്റ്റിവൽ' ഇന്ന് മുതൽ ഖത്തറിൽ ആരംഭിക്കും. കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന ഈ പരിപാടിയിൽ പ്രമുഖ അന്താരാഷ്ട്ര, ഖത്തരി സംഗീത സംഘങ്ങൾ അണിനിരക്കും. ഡിസംബർ 16, 17, 19, 20 എന്നീ നാല് ദിവസങ്ങളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സാംസ്കാരിക പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ, മാർച്ചും സംഗീത പ്രകടനങ്ങളും എന്നിവയുൾപ്പെടെ വിവിധ ആകർഷകമായ പരിപാടികൾ ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
ബ്രിട്ടനിൽനിന്നുള്ള ഐറിഷ് ഗാർഡ്, റോയൽ എയർഫോഴ്‌സ് മ്യൂസിക് സർവീസ്, യു.എസിൽനിന്നുള്ള എയർഫോഴ്‌സ് ഓണർ ഗാർഡ്, തുർക്കിയിൽനിന്നുള്ള ഓട്ടോമൻ മെഹ്തർ ബാൻഡ് എന്നിവ ഫെസ്റ്റിവലിൽ പങ്കെടുക്കും. കൂടാതെ, ജോർഡനിലെ ആംഡ് ഫോഴ്‌സ് ബാൻഡ്, റോയൽ ഗാർഡ് ഓഫ് ഒമാൻ ബാൻഡ്, കസാഖ് പ്രതിരോധ മന്ത്രാലയത്തിൻ്റെ സെൻട്രൽ മിലിട്ടറി ബാൻഡ് എന്നിവരും അണിനിരക്കുന്നുണ്ട്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളെ പ്രതിനിധീകരിക്കുന്ന ഖത്തരി മ്യൂസിക്കൽ യൂനിറ്റ്, അമീരി ഗാർഡ്, സാംസ്കാരിക മന്ത്രാലയം, ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര എന്നിവയുടെ പങ്കാളിത്തവും ശ്രദ്ധേയമാകും.
കുടുബത്തോടൊപ്പം സമയം ചെലവഴിക്കാനായി ഫെസ്റ്റിവൽ വേദിയോട് ചേർന്ന് 'ദി വില്ലേജ്' എന്ന പ്രത്യേക വേദിയും ഒരുക്കിയിട്ടുണ്ട്. നിയോൺ സ്റ്റിൽറ്റ് വാക്കർമാർ, ജഗ്ലർമാർ, പ്രാദേശിക സംഗീതജ്ഞർ, ഫെയ്സ് പെയിൻ്റിങ്, കുട്ടികൾക്കുള്ള ഗ്ലിറ്റർ ടാറ്റൂകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വിനോദ പരിപാടികൾ സന്ദർശകർക്ക് ആസ്വദിക്കാൻ ഇവിടെ അവസരമുണ്ട്.
മേഖലയിൽ ആദ്യമായാണ് ഖത്തർ ടാറ്റൂ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. https://tickets.virginmegastore.me/qa/dohatatoo വഴി പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകൾ 15, 30, 100 റിയാൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ലഭ്യമാക്കിയിട്ടുള്ളത്.
