ഗാർഹിക ഡ്രൈവർ വിസ ഇനി ഓൺലൈൻ; സേവനം സഹൽ ആപ്പ് വഴി ലഭ്യമാകും
കുവൈത്തിൽ സ്വദേശികൾക്ക് ഗാർഹിക ഡ്രൈവർ വിസകൾ ഇനി മുതൽ സഹൽ (Sahel) ആപ്പ് വഴി ഓൺലൈനായി അനുവദിക്കും. സർക്കാർ സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പുതിയ ഗാർഹിക ഡ്രൈവർമാർക്ക് എൻട്രി വിസ നൽകാനുള്ള സൗകര്യമാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും ലളിതമായും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റെസിഡൻസി അഫയേഴ്‌സ് വിഭാഗവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് ഈ പുതിയ ഡിജിറ്റൽ സേവനം നടപ്പിലാക്കിയത്. വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സർക്കാർ ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഉപയോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ഡിജിറ്റൽ ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
അപേക്ഷകർക്ക് സഹൽ ആപ്പിലെ ബന്ധപ്പെട്ട വിഭാഗം വഴി ആവശ്യമായ രേഖകൾ സമർപ്പിച്ച് വിസ നടപടികൾ പൂർത്തിയാക്കാം. കുവൈത്തിലെ ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും അവരെ നിയമിക്കുന്ന സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന തീരുമാനമാണിത്.
