ഇറാനുള്ള ചൈനയുടെ സഹായം അംഗീകരിക്കാനാവില്ലെന്ന് ഡൊണാൾഡ് ട്രംപ്; നിലപാട് വ്യക്തമാക്കി യു.എസ്
ഇറാനുള്ള ചൈനയുടെ ഏതൊരുവിധത്തിലുള്ള സഹായവും അംഗീകരിക്കാനാവില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ യു.എസ് സന്ദർശന വേളയിലാണ് ട്രംപ് ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയതെന്ന് ചൈനയിലെ യു.എസ് അംബാസഡർ ഡേവിഡ് പെർഡ്യൂ സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാനിലേക്ക് സൈനിക ഉപകരണങ്ങൾ, വിവരശേഖരണ സഹായങ്ങൾ, പരോക്ഷ പിന്തുണ എന്നിവ എത്തിക്കുന്നത് പൂർണമായും അസ്വീകാര്യമാണെന്നാണ് അമേരിക്കയുടെ നിലപാട്.
അതേസമയം, ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം കുറയ്ക്കാൻ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച സഹായിച്ചതായി പെർഡ്യൂ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യു.എസ് ഭരണഘടനയുടെ മൂലരേഖകൾ സൂക്ഷിച്ചിരിക്കുന്ന നാഷണൽ ആർക്കൈവ്സ് ട്രംപ് ചൈനീസ് പ്രസിഡന്റിന് കാണിച്ചുകൊടുത്തു. വ്യാപാര കരാറുകളിലൊന്നും എത്തിച്ചേർന്നില്ലെങ്കിലും നയതന്ത്ര സംഭാഷണങ്ങൾക്ക് വഴിതുറക്കാൻ ഈ സന്ദർശനം സഹായിച്ചതായാണ് വിലയിരുത്തൽ.
