ഹോർമുസ് അടച്ച് 'ബ്ലാക്ക്മെയിൽ' ചെയ്യേണ്ട; ഇറാന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡൊണാൾഡ് ട്രംപ്

  1. Home
  2. International

ഹോർമുസ് അടച്ച് 'ബ്ലാക്ക്മെയിൽ' ചെയ്യേണ്ട; ഇറാന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡൊണാൾഡ് ട്രംപ്

trump  


ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി തന്നെ ഭയപ്പെടുത്തില്ലെന്നും അത്തരം സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം അമേരിക്കയെ 'ബ്ലാക്ക്മെയിൽ' ചെയ്യാനുള്ള തന്ത്രമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്തരം ഭീഷണികൾക്ക് മുന്നിൽ തങ്ങൾ മുട്ടുമടക്കുമെന്ന് കരുതേണ്ടെന്നും ആവർത്തിച്ചു. ഇറാന്റെ ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നൂറു ശതമാനം പൂർണ്ണമായ ഒരു ഉടമ്പടി ഉണ്ടാകുന്നത് വരെ ഇറാനിയൻ കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

ലെബനനിലെ പത്തുദിന വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ വെള്ളിയാഴ്ച തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റുമുള്ള യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തതിലുള്ള പ്രതിഷേധമായാണ് ഇറാൻ കടലിടുക്ക് വീണ്ടും അടച്ചത്. വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്നും ഇറാന്റെ കപ്പലുകൾക്ക് പൂർണ്ണ സഞ്ചാരസ്വാതന്ത്ര്യം നൽകുന്നത് വരെ ഈ സ്ഥിതി തുടരുമെന്നുമാണ് ഇറാന്റെ നിലപാട്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്താൻ സൈനിക മേധാവിയുടെ മധ്യസ്ഥതയിൽ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ ഇറാൻ പരിശോധിച്ചുവരികയാണ്. എന്നാൽ തങ്ങളുടെ ദേശീയ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.