അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്; കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുടെയോ മറ്റ് അപകടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതിനും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മന്ത്രാലയം വ്യക്തമാക്കി.
അപകടസ്ഥലങ്ങളിൽ അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതായും ഇത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമാകുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയോടെയും പ്രൊഫഷണലിസത്തോടെയുമാണ് കൈകാര്യം ചെയ്യുന്നത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും രാജ്യം ഉറപ്പാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തടസ്സമില്ലാതെ കൃത്യനിർവ്വഹണം നടത്താൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
