'ദ്വീപിന്റെ സമാധാനം തകർക്കരുത്'; മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം

  1. Home
  2. International

'ദ്വീപിന്റെ സമാധാനം തകർക്കരുത്'; മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം

lakshadweep


ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കി ദ്വീപ് നിവാസികളും വിവിധ സംഘടനകളും. പദ്ധതിയിൽ നിന്ന് ഭരണകൂടം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കവരത്തി ഖാളി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം സമർപ്പിച്ചു. മദ്യനയം പൂർണ്ണമായി പുനഃപരിശോധിക്കണമെന്നും ദ്വീപിലെ മദ്യനിരോധനം ശക്തമായി നിലനിർത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ച സമയത്ത് തന്നെ ദ്വീപ് നിവാസികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ജനപ്രതിനിധികളുമായോ പൊതുജനങ്ങളുമായോ യാതൊരുവിധ ചർച്ചകളും നടത്താതെയാണ് ഭരണകൂടം റഗുലേഷൻ അന്തിമമാക്കിയതെന്ന് ആക്ഷേപമുണ്ട്. നിലവിൽ ലക്ഷദ്വീപിൽ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ-വില്ലേജ് പഞ്ചായത്തുകൾ നിലവിലില്ലാത്ത സാഹചര്യത്തിൽ, ജനങ്ങളുടെ സാമൂഹിക ജീവിതത്തെ ബാധിക്കുന്ന ഇത്തരം നിയമങ്ങൾ കൊണ്ടുവരുമ്പോൾ പൊതുജനങ്ങളുമായി കൂടിയാലോചിക്കേണ്ടതായിരുന്നുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിനോദസഞ്ചാര വികസനത്തിന് മദ്യം അനിവാര്യമാണെന്ന വാദം തെറ്റാണെന്നും പരിസ്ഥിതി സൗഹൃദവും പ്രാദേശിക സംസ്കാരത്തെ മാനിക്കുന്നതുമായ ടൂറിസമാണ് ദ്വീപിൽ വിഭാവനം ചെയ്തിട്ടുള്ളതെന്നും നിവേദനത്തിൽ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് മാത്രമേ വികസന പ്രവർത്തനങ്ങൾ നടത്താവൂ എന്ന ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ കമ്മിറ്റിയുടെ ശിപാർശയും ഭരണകൂടം ലംഘിച്ചതായി നിവേദനം വ്യക്തമാക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 47 മുൻനിർത്തി ദ്വീപിലെ മദ്യനിരോധനം നിലനിർത്തണമെന്നും, ഭാവിയിൽ ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതിന് മുൻപ് ജനങ്ങളുമായി കൂടിയാലോചന നടത്തണമെന്നും കവരത്തി ഖാളിക്കായി കെ.എം. മുഹമ്മദ് സഖാഫി, പി.വി. ഹംസക്കോയ സഖാഫി, പി.പി. ആഷിഖ് ഫൈസി എന്നിവർ ഒപ്പിട്ട നിവേദനത്തിൽ ആവശ്യപ്പെട്ടു.