പെഴ്‌സീഡ് ഉൽക്കാവർഷം കാണാൻ അൽ ഖാതിം മരുഭൂമിയിൽ പോകരുത്; അബുദാബിയിൽ മുന്നറിയിപ്പ്
പെഴ്‌സീഡ് ഉൽക്കാവർഷം ഉച്ചസ്ഥായിയിലെത്തുന്ന പശ്ചാത്തലത്തിൽ, നക്ഷത്രനിരീക്ഷണത്തിനായി സ്ഥിരമായി ആളുകളെത്തുന്ന അൽ ഖാതിം മരുഭൂമിയിൽ ഇറങ്ങരുതെന്ന് ജ്യോതിശാസ്ത്രജ്ഞരുടെയും അധികൃതരുടെയും മുന്നറിയിപ്പ്. അൽ ഖാതിം മേഖലയിലെ ഭൂരിഭാഗം സ്ഥലങ്ങളും സ്വകാര്യ ഭൂമിയായതിനാലാണ് പൊതുജനങ്ങൾക്ക് സന്ദർശന വിലക്കുള്ളത്.
അംഗീകൃത ടൂറിസം കമ്പനികളുടെയോ ജ്യോതിശാസ്ത്ര ഗ്രൂപ്പുകളുടെയോ ക്യാമ്പുകളിൽ പങ്കെടുക്കാം. എന്നാൽ, സ്വന്തമായി ക്യാമ്പിങ് സാമഗ്രികളുമായി ഇവിടേക്ക് പോകരുതെന്ന് അധികൃതർ നിർദേശിച്ചു. നക്ഷത്രനിരീക്ഷണത്തിന് ദുബായിൽ നിന്ന് രണ്ട് മണിക്കൂർ യാത്രയുള്ള രാജ്യത്തെ ഏറ്റവും ഇരുണ്ട പ്രദേശങ്ങളിലൊന്നായ 'അൽ ക്വാ' മരുഭൂമിയോ, ഒരു മണിക്കൂർ ദൂരത്തിലുള്ള 'അൽ ഖുദ്ര' മരുഭൂമിയോ തിരഞ്ഞെടുക്കാവുന്നതാണ്.
ആഗസ്റ്റ് 12 രാത്രിയും 13 പുലർച്ചെയുമാണ് ഉൽക്കാവർഷം ഏറ്റവും വ്യക്തമായി ദൃശ്യമാകുക. അമാവാസിയായതിനാൽ ഇരുണ്ട ആകാശത്ത് മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകളെ കാണാൻ സാധിക്കും. ഇനി പെഴ്‌സീഡ് ഉൽക്കാവർഷം പൂർണ ഭംഗിയോടെ കാണണമെങ്കിൽ 2045 വരെ കാത്തിരിക്കണം. സ്വിഫ്റ്റ്-ടട്ടിൽ എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് പെഴ്‌സ്യൂസ് നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിൽ ഈ ഉൽക്കാപ്രവാഹം അനുഭവപ്പെടുന്നത്.
