ഭിന്നശേഷിക്കാർക്കായുള്ള പാർക്കിങ് ഇടങ്ങൾ ദുരുപയോഗം ചെയ്യരുത്; കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
ഭിന്നശേഷിക്കാർക്കായി നീക്കിവെച്ചിരിക്കുന്ന പ്രത്യേക പാർക്കിങ് സ്ഥലങ്ങളിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ച് ഉത്തരവാദിത്തമുള്ള പൗരന്മാരായി പെരുമാറണമെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ ബോധവൽക്കരണ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, അവർക്കായുള്ള പാർക്കിങ് മേഖലകൾ മറ്റുള്ളവർ കൈയേറുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങാനും പ്രവേശിക്കാനും സൗകര്യമൊരുക്കുന്നതിനാണ് ഇത്തരം പാർക്കിങ് ഇടങ്ങൾ പ്രത്യേകമായി സംവരണം ചെയ്തിരിക്കുന്നത്.
അതിനാൽ നിയമപരമായ അർഹതയും പ്രത്യേക പെർമിറ്റും ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ അവകാശമുള്ളൂ എന്ന് മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു. ഇത്തരം സ്ഥലങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നത് ട്രാഫിക് നിയമപ്രകാരം ശിക്ഷാർഹമാണെന്നും, നിയമം പാലിക്കുന്നതിനൊപ്പം സമൂഹത്തോട് കാണിക്കേണ്ട മാനുഷിക പരിഗണനയുടെ കൂടി ഭാഗമാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
