ഒടിപി പങ്കിടരുത്, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
ബാങ്ക് വിവരങ്ങളും ഒടിപി (OTP) ഉൾപ്പെടെയുള്ള രഹസ്യകോഡുകളും മറ്റുള്ളവരുമായി പങ്കിടുന്നതിനെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി റോയൽ ഒമാൻ പൊലീസ് (ROP). വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിലടക്കം എത്തുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്നും ആർ.ഒ.പി വ്യക്തമാക്കി.
തട്ടിപ്പിന് ഇരയായവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ സഹിതമാണ് റോയൽ ഒമാൻ പൊലീസ് ബോധവൽക്കരണ പോസ്റ്റ് പങ്കുവെച്ചത്. ആകർഷകമായ ഓഫറുകൾ കണ്ട് അഡ്വാൻസ് തുക കൈമാറിയതും, ഔദ്യോഗിക പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ കൈമാറിയതുമെല്ലാം തട്ടിപ്പിന് ഇരയായവർ വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.
അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതും ഒഴിവാക്കണമെന്നും, വിവരങ്ങൾ നൽകുന്നതിന് മുമ്പ് ഉറവിടത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പൊലീസ് ഓർമ്മിപ്പിച്ചു.
