യാത്രാവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
യു.എ.ഇയിലെ സ്കൂളുകളിൽ വേനലവധി ആരംഭിക്കാനിരിക്കെ, യാത്ര പോകുന്നവർ വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി അബുദാബി പൊലീസ്. ‘സുരക്ഷിത വേനൽക്കാലം’ (Safe Summer) എന്ന പേരിൽ നടത്തുന്ന ബോധവൽക്കരണ ക്യാമ്പെയ്നിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. അടുത്ത രണ്ട് മാസത്തെ അവധിക്കാല യാത്രകൾക്ക് മുൻപായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് വഴി വലിയ അപകടങ്ങളും സുരക്ഷാഭീഷണികളും ഒഴിവാക്കാൻ സാധിക്കുമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
യാത്ര പുറപ്പെടുന്നതിന് മുൻപ് വീടുകളിലെ എല്ലാ വാതിലുകളും ജനലുകളും സുരക്ഷിതമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സിസിടിവി ക്യാമറകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുകയും ഗ്യാസ്, വാട്ടർ കണക്ഷനുകൾ പൂർണ്ണമായി വിച്ഛേദിക്കുകയും വേണം. വിലപിടിപ്പുള്ള വസ്തുക്കളും സ്വർണ്ണാഭരണങ്ങളും സുരക്ഷിതമായ ബാങ്ക് ലോക്കറുകളിലേക്ക് മാറ്റാനും പൊലീസ് നിർദ്ദേശിച്ചു.
തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ചോ, എത്ര ദിവസം നാട്ടിൽ ഉണ്ടാകുമെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി യാതൊരു കാരണവശാലും പരസ്യപ്പെടുത്തരുതെന്ന് പൊലീസ് പ്രത്യേകം ഓർമ്മിപ്പിച്ചു. ഇത്തരം വിവരങ്ങൾ സാമൂഹികവിരുദ്ധർ ദുരുപയോഗം ചെയ്യാൻ വലിയ സാധ്യതയുണ്ട്. യാത്രയിലായിരിക്കുന്ന സമയത്ത് വിശ്വസ്തരായ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീടും പരിസരവും നിരീക്ഷിക്കാൻ ഏൽപ്പിക്കുന്നത് സുരക്ഷിതത്വം വർദ്ധിപ്പിക്കും. വീടുകളുടെ പരിസരങ്ങളിൽ സംശയാസ്പദമായ സാഹചര്യങ്ങളോ ആളുകളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
