ഫീസ് മുടങ്ങിയാലും പരീക്ഷ തടയരുത്; സ്വകാര്യ സ്കൂളുകൾക്ക് കർശന മുന്നറിയിപ്പുമായി അബുദാബി

  1. Home
  2. International

ഫീസ് മുടങ്ങിയാലും പരീക്ഷ തടയരുത്; സ്വകാര്യ സ്കൂളുകൾക്ക് കർശന മുന്നറിയിപ്പുമായി അബുദാബി

auh


സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിക്കും പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കരുതെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK) സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശം നൽകി. ഫീസ് കുടിശികയെച്ചൊല്ലി രക്ഷിതാക്കളുമായി തർക്കങ്ങൾ നിലനിൽക്കുകയാണെങ്കിൽ പോലും പരീക്ഷയെഴുതുക എന്നത് വിദ്യാർത്ഥികളുടെ അവകാശമാണെന്നും അത് തടയാൻ സ്കൂൾ അധികൃതർക്ക് അധികാരമില്ലെന്നും എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കുടിശിക വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സ്കൂളുകൾ കൃത്യമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

ഫീസ് അടയ്ക്കാത്ത രക്ഷിതാക്കൾക്ക് ഓരോ ആഴ്ചയും ഇടവിട്ട് തുടർച്ചയായി മൂന്ന് തവണ രേഖാമൂലം മുന്നറിയിപ്പ് നൽകണം. ഇതിന് ശേഷവും ഫീസ് അടച്ചില്ലെങ്കിൽ ഒരു ടേമിൽ ഒരു തവണ മാത്രം, പരമാവധി മൂന്ന് ദിവസത്തേക്ക് കുട്ടിയെ ക്ലാസിൽ കയറ്റാതിരിക്കാൻ സ്കൂളുകൾക്ക് അനുവാദമുണ്ട്. പരീക്ഷാ ഫലം, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) എന്നിവ തടഞ്ഞുവെക്കാനും, ഇലക്ട്രോണിക് സ്റ്റുഡന്റ് ഇൻഫർമേഷൻ സിസ്റ്റം (ESIS) വഴിയുള്ള ഡാറ്റ മാറ്റങ്ങൾ തടയാനും സ്കൂളുകൾക്ക് അവകാശമുണ്ട്. കൂടാതെ അടുത്ത വർഷത്തേക്കുള്ള പുനർ രജിസ്‌ട്രേഷൻ തടയാനും നിയമപരമായ അനുമതിയുണ്ട്. എന്നാൽ, ഫീസ് കുടിശിക കാരണം അടുത്ത വർഷം പ്രവേശനം നൽകില്ലെന്ന കാര്യം അധ്യയന വർഷം അവസാനിക്കുന്നതിന് മൂന്ന് മാസം മുൻപെങ്കിലും രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചിരിക്കണം.

എല്ലാ സ്വകാര്യ സ്കൂളുകളും പുതിയ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ഈ ചട്ടങ്ങൾ കർശനമായി പാലിക്കണം. ഫീസ് ഘടനയും കുടിശിക വരുത്തിയാൽ സ്വീകരിക്കുന്ന നടപടികളും വ്യക്തമാക്കുന്ന പോളിസി സ്കൂൾ വെബ്‌സൈറ്റുകളിൽ പരസ്യപ്പെടുത്തേണ്ടതുണ്ട്. യു.എ.ഇയുടെ ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാനും, മികച്ച അധ്യാപകരിലൂടെ ഭാവി മുൻനിർത്തിയുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുമുള്ള അഡെക്കിന്റെ പുതിയ തന്ത്രപ്രധാന നയങ്ങളുടെ ഭാഗമായാണ് ഈ നിർദേശം.