അപകടങ്ങളുണ്ടായാല്‍ വാഹനം നിര്‍ത്തി കാഴ്ച കാണരുത്; 'റബ്ബര്‍നെക്കിങ്ങിന്' 1,000 ദിര്‍ഹം പിഴയെന്ന് യുഎഇ പോലീസ്

  1. Home
  2. International

അപകടങ്ങളുണ്ടായാല്‍ വാഹനം നിര്‍ത്തി കാഴ്ച കാണരുത്; 'റബ്ബര്‍നെക്കിങ്ങിന്' 1,000 ദിര്‍ഹം പിഴയെന്ന് യുഎഇ പോലീസ്

uae


റോഡില്‍ അപകടങ്ങളുണ്ടായാല്‍ വാഹനം നിര്‍ത്തിയോ വേഗത കുറച്ചോ കാഴ്ച കാണുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്ന് യുഎഇ പോലീസ് മുന്നറിയിപ്പ് നല്‍കി. 'റബ്ബര്‍നെക്കിങ്' (Rubbernecking) എന്നറിയപ്പെടുന്ന ഈ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റോഡിലുണ്ടാകുന്ന അപകടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ കാണുന്നതിനായി വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കുകയോ, വാഹനം നിര്‍ത്തുകയോ, ശ്രദ്ധ തിരിക്കുകയോ ചെയ്യുന്നതിനെയാണ് 'റബ്ബര്‍നെക്കിങ്' എന്ന് പറയുന്നത്. ഹൈവേകളുടെ എതിര്‍ദിശയിലാണ് അപകടം നടക്കുന്നതെങ്കില്‍ പോലും, കൗതുകം മൂലം ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

ഇത്തരത്തില്‍ വാഹനങ്ങള്‍ പെട്ടെന്ന് വേഗത കുറയ്ക്കുന്നതും മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. കൂടാതെ, അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കും ആംബുലന്‍സുകള്‍ക്കും വേഗത്തില്‍ എത്തുന്നതിനും ഇത് തടസ്സമുണ്ടാക്കും. അതിനാല്‍, അപകടസ്ഥലങ്ങള്‍ക്ക് ചുറ്റും തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പോലീസ് വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കി.