‘കടൽപ്പാതകളെ ഭീഷണിപ്പെടുത്താനുള്ള മാർഗ്ഗമാക്കരുത്’; യു.എൻ പൊതുസഭയിൽ നിലപാട് വ്യക്തമാക്കി ബഹ്റൈൻ
ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിയിൽ അന്താരാഷ്ട്ര കടൽപ്പാതകളുടെ സുരക്ഷയും സിവിലിയന്മാരുടെ സംരക്ഷണവും മുൻനിർത്തി സജീവ നയതന്ത്ര ഇടപെടലുകളുമായി ബഹ്‌റൈൻ. ഹുർമുസ്, ചെങ്കടൽ, ബാബ് അൽ മന്ദബ് തുടങ്ങിയ തന്ത്രപ്രധാന കടൽപ്പാതകളിലുണ്ടാകുന്ന തടസ്സങ്ങൾ ആഗോള വ്യാപാരത്തെയും ഊർജ്ജ-ഭക്ഷ്യ വിതരണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി മുന്നറിയിപ്പ് നൽകി. കടൽപ്പാതകളെ സമ്മർദ തന്ത്രങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെയും ഭീഷണിപ്പെടുത്താനുള്ള മാർഗ്ഗമായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം ശക്തമായി എതിർത്തു.
റഷ്യ-യുക്രെയിൻ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. യുക്രെയിൻ വിഷയത്തിൽ ചേർന്ന യു.എൻ രക്ഷാസമിതി യോഗത്തിൽ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജി.സി.സി-ആസിയാൻ സംയുക്ത മന്ത്രിതല യോഗത്തിലും അധ്യക്ഷത വഹിച്ച വിദേശകാര്യ മന്ത്രി, ഗൾഫ് മേഖലയ്ക്കെതിരായ ഇറാൻ, ഹൂതി ആക്രമണങ്ങളെ അപലപിക്കുകയും സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
