യുഎൻ പൊതുസഭയിൽ നാടകീയരംഗങ്ങൾ; നെതന്യാഹു പ്രസംഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ യുഎൻ പൊതുസഭയിൽ നാടകീയരംഗങ്ങൾ. നെതന്യാഹു പ്രസംഗിക്കാനായി വന്നയുടൻ ഡസൻകണക്കിന് നയതന്ത്ര പ്രതിനിധികൾ വേദിയിൽനിന്ന് പുറത്തുപോയി. ഇതോടെ നെതന്യാഹുവിനെ അനുകൂലിക്കുന്നവർ അദ്ദേഹത്തെ അനുകൂലിച്ച് മുദ്രാവാക്യവും മുഴക്കി. ഹാളിൽനിന്ന് പുറത്തുപോയി പ്രതിഷേധിച്ചവരെ ഭീരുക്കളെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കിൽ അവരും ദയവായി ഇപ്പോൾ തന്നെ പുറത്തുപോകണമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പിന് അഞ്ചാഴ്ച മാത്രം ബാക്കിനിൽക്കെ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രീതിയിലായിരുന്നു നെതന്യാഹുവിന്റെ യുഎൻ പൊതുസഭയിലെ പ്രസംഗം. 40 മിനിറ്റോളം നീണ്ടുനിന്ന പ്രസംഗത്തിനിടെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരേയും ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരേയും നെതന്യാഹു രൂക്ഷവിമർശനമുന്നയിച്ചു.
'ഞാൻ ഇവിടെവരുന്നതിൽനിന്ന് തടയാൻ നിങ്ങൾ ശ്രമിച്ചു, എന്നെ നിശബ്ദനാക്കാൻ നിങ്ങൾ ശ്രമിച്ചു. പക്ഷേ, നിങ്ങൾക്ക് എന്നെ നിശബ്ദനാക്കാൻ കഴിയില്ല, നിങ്ങൾക്ക് സത്യത്തെ നിശബ്ദമാക്കാനാകില്ല'- മംദാനിയെ ലക്ഷ്യമിട്ട് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ വംശഹത്യ നടത്തിയിട്ടില്ലെന്നും വംശഹത്യ തടയുകയാണ് ചെയ്തതെന്നും നെതന്യാഹു പ്രസംഗത്തിൽ വ്യക്തമാക്കി. ന്യൂയോർക്ക് മേയർ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്നയാളെന്നും നെതന്യാഹു പ്രസംഗത്തിൽ ആരോപിച്ചു.
