ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ ഓടിത്തുടങ്ങി; ഉമ്മു സുഖൈമിലും ജുമൈറയിലും സർവീസ് ലഭ്യമാണ്

  1. Home
  2. International

ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ ഓടിത്തുടങ്ങി; ഉമ്മു സുഖൈമിലും ജുമൈറയിലും സർവീസ് ലഭ്യമാണ്

dubai rta


ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ (Driverless Taxis) വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ (RTA) നേതൃത്വത്തിൽ ഉമ്മു സുഖൈം, ജുമൈറ എന്നീ രണ്ട് പ്രധാന മേഖലകളിലാണ് ആദ്യഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക. സ്വയം നിയന്ത്രിത വാഹന സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ 'അപ്പോളോ ഗോ' (Apollo Go), 'വിറൈഡ്' (WeRide) എന്നീ കമ്പനികളുമായി സഹകരിച്ചാണ് ആർ.ടി.എ ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്.

യാത്രക്കാർക്ക് രണ്ട് രീതിയിൽ ഈ ടാക്സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിറൈഡ് ടാക്സികൾ ഊബർ (Uber) ആപ്പ് വഴിയും, അപ്പോളോ ഗോ ടാക്സികൾ അവരുടേതായ പ്രത്യേക ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാം. 'തവാസുൽ ട്രാൻസ്‌പോർട്ടി'നാണ് ഈ വാഹനങ്ങളുടെ പ്രവർത്തനവും നിയന്ത്രണവും ഉറപ്പാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. അത്യാധുനിക സെൻസിങ് സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഈ ടാക്സികൾ നിരത്തുകളിൽ സ്വയം തീരുമാനങ്ങളെടുത്ത് സഞ്ചരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 100 ഡ്രൈവറില്ലാ ടാക്സികളാണ് ദുബൈ നിരത്തുകളിൽ ഇറങ്ങുന്നത്. വരും വർഷങ്ങളിൽ ഇവയുടെ എണ്ണം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ഇതിന് മുന്നോടിയായി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ റോഡുകളിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.