ഒമാനിൽ അടുത്ത വർഷം മുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറങ്ങും; സലാലയിലെ പരീക്ഷണ ഓട്ടം വിജയം

  1. Home
  2. International

ഒമാനിൽ അടുത്ത വർഷം മുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറങ്ങും; സലാലയിലെ പരീക്ഷണ ഓട്ടം വിജയം

oman


ഒമാനിൽ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന (ഓട്ടോണമസ്) ഇലക്ട്രിക് വാഹനങ്ങൾ അടുത്ത വർഷം മൂന്നാം പാദത്തോടെ പ്രവർത്തനസജ്ജമാകും. സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടർന്നാണ് അധികൃതർ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക വിദ്യാ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മാവാലി, ഒമാൻ എയർപോർട്ട്സ് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.

വാഹനത്തിന്റെ സുരക്ഷ, തത്സമയ നിരീക്ഷണ ശേഷി, റൂട്ട് പ്ലാനിംഗ്, തടസ്സങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയെല്ലാം പരീക്ഷണ ഘട്ടത്തിൽ വിജയം കണ്ടു. 2027 മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ, വിമാനത്താവള പരിസരങ്ങളിൽ സാധനങ്ങൾ വേഗത്തിൽ എത്തിക്കുന്ന ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കായിരിക്കും ഈ വാഹനങ്ങൾ ഉപയോഗിക്കുക. ഇത് പ്രവർത്തനച്ചെലവും കാർബൺ ഉദ്‌വമനവും കുറയ്ക്കാൻ സഹായിക്കും.

സ്മാർട്ട്-സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകളിൽ ഒമാൻ സുൽത്താനേറ്റിന്റെ സ്ഥാനം ആഗോളതലത്തിൽ കൂടുതൽ ശക്തമാക്കാൻ ഈ നീക്കം ഉപകരിക്കും. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ഹരിത ഊർജം, ഇലക്ട്രിക് മൊബിലിറ്റി, ലോജിസ്റ്റിക്സ് മേഖലകളിൽ 600 ദശലക്ഷത്തിലധികം റിയാലിന്റെ പദ്ധതികളും കരാറുകളുമാണ് രാജ്യം നടപ്പാക്കിവരുന്നത്.