സുഡാനിൽ ആശുപത്രിക്ക് നേരെ ഡ്രോൺ ആക്രമണം; 10 മരണം; പ്രസവ വാർഡും ഓപ്പറേഷൻ തിയേറ്ററും തകർത്തു

  1. Home
  2. International

സുഡാനിൽ ആശുപത്രിക്ക് നേരെ ഡ്രോൺ ആക്രമണം; 10 മരണം; പ്രസവ വാർഡും ഓപ്പറേഷൻ തിയേറ്ററും തകർത്തു

sudan


ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ആശുപത്രിക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. വൈറ്റ് നൈൽ പ്രവിശ്യയിലെ അൽ-ജബലൈൻ ആശുപത്രിക്ക് നേരെയാണ് വ്യാഴാഴ്ച രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റതായും ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററും പ്രസവ വാർഡും പൂർണ്ണമായും തകർന്നതായും 'ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്' (MSF) അറിയിച്ചു.

കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കെയാണ് അതിക്രൂരമായ ഈ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ 80 കിലോമീറ്റർ അകലെയുള്ള കോസ്റ്റിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതേ ദിവസം തന്നെ പ്രവിശ്യാ തലസ്ഥാനമായ റബാക്കിലെ മെഡിക്കൽ സപ്ലൈ ഡിപ്പോയ്ക്ക് നേരെയും ആക്രമണം നടന്നതായി പ്രാദേശിക സംഘടനയായ 'എമർജൻസി ലോയേഴ്‌സ്' വ്യക്തമാക്കി.

2023 ഏപ്രിലിൽ സുഡാൻ സൈന്യവും ആർ‌എസ്‌എഫും തമ്മിൽ ആരംഭിച്ച പോരാട്ടത്തിൽ ഇതുവരെ 40,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ മടങ്ങാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം പടിഞ്ഞാറൻ ഡാർഫറിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ 13 കുട്ടികളടക്കം 70 പേർ കൊല്ലപ്പെട്ടിരുന്നു. ആരോഗ്യ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സുഡാനിലെ തകർന്നുകൊണ്ടിരിക്കുന്ന ആരോഗ്യമേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്ന് സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് പ്രസ്താവനയിൽ പറഞ്ഞു.