ഹോർമുസിന് സമീപം കപ്പലിനുനേരെ ഡ്രോൺ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങിയതായി എസ്‌ഒ‌എസ് സന്ദേശം

  1. Home
  2. International

ഹോർമുസിന് സമീപം കപ്പലിനുനേരെ ഡ്രോൺ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങിയതായി എസ്‌ഒ‌എസ് സന്ദേശം

hormuz


ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ അതിശക്തമായ ഡ്രോൺ ആക്രമണം. പലാവു (Palau) പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) സ്ഥിരീകരിച്ചു. കപ്പലിൽ നിന്ന് അടിയന്തര സഹായത്തിനായുള്ള എസ്‌ഒ‌എസ് (SOS) സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒമാൻ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് കപ്പലിനുനേരെ ആക്രമണം ഉണ്ടായത്. ഡ്രോൺ പതിച്ച് കപ്പലിന്റെ എൻജിൻ റൂമിൽ വൻ സ്ഫോടനം ഉണ്ടാവുകയും നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്തു. എൻജിൻ റൂമിൽ വിള്ളലുണ്ടായതിനെത്തുടർന്ന് കപ്പലിലേക്ക് നിലവിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കപ്പലിലെ ലൈഫ് ബോട്ടുകളും തകർന്നതിനാൽ നാവികർക്ക് പുറത്തുകടക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

കഴിഞ്ഞ മെയ് 13-നും സമാനമായ രീതിയിൽ ഒമാൻ തീരത്തുവെച്ച് മറ്റൊരു ഇന്ത്യൻ ചരക്കുകപ്പലിന് തീപിടിക്കുകയും അത് കടലിൽ മുങ്ങുകയും ചെയ്തിരുന്നു. അന്ന് ഒമാൻ കോസ്റ്റ് ഗാർഡ് കൃത്യസമയത്ത് നടത്തിയ ഇടപെടലിലൂടെ കപ്പലിലുണ്ടായിരുന്ന 14 നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ നാവികരെ രക്ഷിക്കാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചതായാണ് വിവരം.