കുവൈത്തിൽ ലൈസൻസില്ലാതെ ഡ്രോൺ പറത്തിയാൽ ജയിൽശിക്ഷ; പുതിയ നിയമം പ്രാബല്യത്തിൽ
കുവൈത്തിൽ ഡ്രോണുകൾ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ, അനുബന്ധ എയർ സ്പോർട്സ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നു. സുരക്ഷയും വ്യോമമേഖലയുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട പുറപ്പെടുവിച്ച 2026-ലെ 89-ാം നമ്പർ ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ യൗമിൽ പ്രസിദ്ധീകരിച്ചു. പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെയും മുൻകൂർ അനുമതിയും ലൈസൻസും ഇല്ലാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. നിയമലംഘനം നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 കുവൈത്തി ദിനാർ വരെ പിഴയുമാണ് ശിക്ഷ.
ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിനും നിർമിക്കുന്നതിനും അസംബിൾ ചെയ്യുന്നതിനും പെർമിറ്റ് നിർബന്ധമാണ്. കൂടാതെ എല്ലാ ഡ്രോണുകളും രജിസ്റ്റർ ചെയ്യുകയും തിരിച്ചറിയൽ രേഖകൾ പതിപ്പിക്കുകയും വേണം. വിമാനത്താവളങ്ങൾ, സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ മറ്റ് നിയന്ത്രിത മേഖലകൾ എന്നിവയ്ക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്.
സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലോ നിയന്ത്രിത മേഖലകളിലോ അനധികൃതമായി പറക്കുന്ന ഡ്രോണുകൾ വെടിവച്ചിടാനും പ്രവർത്തനരഹിതമാക്കാനും സൈനിക-സുരക്ഷാ വിഭാഗങ്ങൾക്ക് പുതിയ നിയമപ്രകാരം പൂർണ അധികാരം നൽകിയിട്ടുണ്ട്.
