ദുബായ് വിമാനത്താവളത്തിലെ 'റെഡ് കാർപറ്റ്' പദ്ധതിക്ക് ആഗോള പുരസ്‌കാരം
ദുബായ് വിമാനത്താവളത്തിൽ നടപ്പാക്കിയ 'റെഡ് കാർപറ്റ്' സ്മാർട്ട് കോറിഡോർ പദ്ധതിക്ക് ആഗോള പുരസ്‌കാരം . സർക്കാർ മേഖലയിലെ മികച്ച നവീകരണ പദ്ധതികൾക്കുള്ള ''ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷൻ ബൈ പബ്ലിക് സെക്ടർ'' പുരസ്‌കാരമാണ് ലഭിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സ്മാർട്ട് ഇമിഗ്രേഷൻ സംവിധാനങ്ങളിലൊന്നായാണ് ഈ പദ്ധതി പരിഗണിക്കപ്പെടുന്നത്. യാത്രക്കാർക്ക് പാസ്പോർട്ടോ മറ്റ് രേഖകളോ കാണിക്കാതെ തന്നെ ചില സെക്കൻഡുകൾക്കുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഒരു വർഷം മുൻപ് ആരംഭിച്ച ഈ സംവിധാനം യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രാനുഭവം വേഗത്തിലാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ബയോമെട്രിക് സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്നാണ് സംവിധാനം പ്രവർത്തിക്കുന്നത്.ദുബായിലേക്ക് എത്തുന്ന ഓരോ യാത്രക്കാരനെയും പ്രത്യേക അതിഥിയെപ്പോലെ സ്വീകരിക്കണമെന്ന ആശയത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സർക്കാർ സേവനങ്ങളെ കൂടുതൽ വേഗത്തിലും ലളിതത്തിലും മാറ്റിയ ഈ സംവിധാനം ഭാവിയിലെ യാത്രാനുഭവത്തിന് മാതൃകയാകുമെന്നാണ് വിലയിരുത്തൽ.
