സുരക്ഷിതത്വത്തിൽ ദുബൈയും ഷാർജയും മുന്നിൽ: രാത്രിയിൽ തനിച്ച് നടക്കാൻ 99% പേരും സുരക്ഷിതരെന്ന് സർവേ

  1. Home
  2. International

സുരക്ഷിതത്വത്തിൽ ദുബൈയും ഷാർജയും മുന്നിൽ: രാത്രിയിൽ തനിച്ച് നടക്കാൻ 99% പേരും സുരക്ഷിതരെന്ന് സർവേ

dubai


ദുബൈയിൽ താമസിക്കുന്നവരിൽ 99 ശതമാനം ആളുകളും രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് നടക്കാൻ പൂർണ്ണ സുരക്ഷിതരാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ദുബൈ പൊലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സെക്യൂരിറ്റി - ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് വിഭാഗത്തിൽ 98.2 ശതമാനവും പകൽ സമയത്തെ സുരക്ഷിതത്വത്തിൽ 99.9 ശതമാനവുമാണ് നഗരം രേഖപ്പെടുത്തിയത്. പൊതുജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസ്യത 96.2 ശതമാനമാണെന്നും സർവേ വ്യക്തമാക്കുന്നു.

ദുബൈക്ക് പിന്നാലെ ഷാർജയിലും സമാനമായ രീതിയിലുള്ള മികച്ച സുരക്ഷിതത്വ ഫലങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് നടത്തിയ സർവേ പ്രകാരം കഴിഞ്ഞ വർഷം ഷാർജയിലെ താമസക്കാരിൽ 99.7 ശതമാനം ആളുകളും സുരക്ഷിതരാണെന്ന് കണ്ടെത്തിയതായി ഷാർജ പൊലീസ് അറിയിച്ചു. ഇവിടെ 99 ശതമാനം ജനങ്ങളും പൊലീസിൽ ഉയർന്ന വിശ്വാസമർപ്പിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യു.എ.ഇ അധികൃതർ പുലർത്തുന്ന മികച്ച കാര്യക്ഷമതയും ഭരണകൂടത്തിലുള്ള ഉയർന്ന വിശ്വാസ്യതയുമാണ് ഈ സർവേ ഫലങ്ങളിലൂടെ അടിവരയിടുന്നത്.