ദുബൈയിൽ സോഷ്യൽ മീഡിയ വഴിയുള്ള വിസ പരസ്യങ്ങൾക്ക് വിലക്ക്; നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ജി.ഡി.ആർ.എഫ്.എ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അനധികൃതമായി വിസ, റെസിഡൻസി സേവനങ്ങൾ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) നടപടി ശക്തമാക്കി. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വ്യാജമായോ അനധികൃതമായോ ഇത്തരം സേവനങ്ങൾ പ്രചരിപ്പിച്ച നിരവധി വ്യക്തികളെയും സ്ഥാപനങ്ങളെയും അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയമാക്കിയിട്ടുണ്ട്. പൊതുജനങ്ങളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഔദ്യോഗിക സർക്കാർ സേവനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുമാണ് ജി.ഡി.ആർ.എഫ്.എ ഈ കർശന ഇടപെടൽ നടത്തിയിരിക്കുന്നത്.
കർശന നിരീക്ഷണവും നിയമനടപടിയും
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ സേവനങ്ങൾ അംഗീകൃത ചാനലുകളിലൂടെ മാത്രം ലഭ്യമാക്കാനും വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിക്കാൻ ശ്രമിക്കുന്നവരെ പിടികൂടാൻ നിരന്തരമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചയുടൻ തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു. മറ്റ് സർക്കാർ ഏജൻസികളുമായി സംയുക്തമായി സഹകരിച്ചാണ് കുറ്റക്കാർക്കെതിരെ നിലവിൽ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ, റെസിഡൻസി ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പുകൾ അല്ലെങ്കിൽ മറ്റ് യു.എ.ഇ അംഗീകൃത കേന്ദ്രങ്ങൾ എന്നിവയെ മാത്രമേ ആശ്രയിക്കാവൂ എന്നും സോഷ്യൽ മീഡിയയിലെ വ്യാജ പരസ്യങ്ങളിൽ വീഴരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
