ചൂട് കൂടുന്നു: തൊഴിലാളികൾക്കായി പുതിയ മാർഗനിർദേശങ്ങളുമായി ദുബായ്
രാജ്യത്ത് പകൽ സമയത്തെ ചൂട് കനത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബായ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം . ജോലി സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും നിർബന്ധമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.പുതിയ നിർദേശപ്രകാരം തൊഴിലാളികൾക്ക് തൊഴിലുടമകൾ താമസ സൗകര്യം ഒരുക്കിനൽകണം അഥവാ താമസയിടം നൽകാൻ സാധിച്ചില്ലെങ്കിൽ തൊഴിലാളികൾക്കു അലവൻസ് നൽകണം എന്നും മാന്ത്രലയം അറിയിച്ചു
ജോലി സമയത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, തൊഴിലാളികൾക്ക് മതിയായ വിശ്രമവും ജലവിതരണവും ഉറപ്പാക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.അപകടമോ ആരോഗ്യപ്രശ്‌നമോ സംഭവിച്ചാൽ തൊഴിലാളിയെ ഉടൻ ഔദ്യോഗിക മെഡിക്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണം. കൂടാതെ സംഭവം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം 48 മണിക്കൂറിനകം മന്ത്രാലയത്തെയും അറിയിക്കണം.
തൊഴിലാളിയുടെ പേര്, പ്രായം, ജോലി തസ്തിക, ദേശം, ജോലി സ്ഥലം, ഐഡി നമ്പർ, സംഭവത്തിന്റെ സ്വഭാവം, തൊഴിലിട സാഹചര്യം, രക്ഷാപ്രവർത്തനവും ചികിത്സയും സംബന്ധിച്ച വിവരങ്ങൾ എന്നിവ സമഗ്രമായി സമർപ്പിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.രാജ്യത്ത് ഉയർന്ന ചൂട് തുടരുന്ന പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ നടപടികൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
