ദുബായിൽ ഇനി 'ഇജാരി' നടപടികൾ വിരൽത്തുമ്പിൽ; 'ദുബായ് നൗ' ആപ്പ് വഴി വാടക കരാറും ദിവ കണക്ഷനും ഒറ്റയടിക്ക് പൂർത്തിയാക്കാം
ദുബായിൽ പുതിയ വീട്ടിലേക്ക് താമസം മാറുന്നവർക്കും വാടക കരാറുകൾ പുതുക്കുന്നവർക്കും ആശ്വാസ വാർത്ത. വാടകക്കാരുടെയും കെട്ടിട ഉടമകളുടെയും സൗകര്യാർത്ഥം 'ഇജാരി' (Ejari) നടപടിക്രമങ്ങൾ ഇനി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ പൂർത്തിയാക്കാം. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും (DLD) ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (DEWA) ചേർന്നാണ് 'ദുബായ് നൗ' (Dubai Now) ആപ്പിൽ ഈ ഏകീകൃത സേവനം ലഭ്യമാക്കിയിരിക്കുന്നത്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ വിവിധ സേവന കേന്ദ്രങ്ങളും ഓഫീസുകളും കയറിയിറങ്ങാതെ തന്നെ വാടകക്കാർക്കും ഉടമകൾക്കും വീടിലിരുന്ന് ഡിജിറ്റലായി ഇജാരി നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. വാടക കരാറുകൾ തയ്യാറാക്കുക, രജിസ്റ്റർ ചെയ്യുക, പുതുക്കുക, റദ്ദാക്കുക തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാണ്. 'യു.എ.ഇ പാസ്' (UAE Pass) ഉപയോഗിച്ച് ആപ്പിലൂടെ നേരിട്ട് കരാറുകളിൽ ഒപ്പുവെക്കാം. ഒപ്പുവെക്കൽ പൂർത്തിയാകുന്ന അതേനിമിഷം തന്നെ ഇജാരി സർട്ടിഫിക്കറ്റും ലഭിക്കും.
ഇതിന് പുറമെ, വെള്ളം-വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനായി ദിവയിൽ (DEWA) നൽകേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റും ആപ്പ് വഴി തന്നെ അടയ്ക്കാം. തുക അടയ്ക്കുന്നതോടെ തത്സമയം തന്നെ കണക്ഷൻ ആക്ടീവ് ആവുകയും ചെയ്യും. ദുബായ് ഡിജിറ്റൽ സ്ട്രാറ്റജി, ഡി33 (D33) സാമ്പത്തിക അജണ്ട എന്നിവയുടെ ഭാഗമായും സർക്കാരിന്റെ 'സർവീസസ് 360' (Services 360) നയത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇരുകൂട്ടരും ചേർന്ന് സേവനങ്ങൾ ഏകോപിപ്പിച്ചത്. ഡിജിറ്റൽ സേവനം ശക്തമാകുന്നതോടെ ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ സുതാര്യതയും വേഗതയും കൈവരുമെന്ന് അധികൃതർ വ്യക്തമാക്കി.
