ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് പാം മോണോറെയിൽ സർവീസ് പുനരാരംഭിച്ചു

  1. Home
  2. International

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് പാം മോണോറെയിൽ സർവീസ് പുനരാരംഭിച്ചു

mono rail


നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദുബായിലെ പാം മോണോറെയിൽ സർവീസ് ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഇതോടെ പാം ജുമൈറയിലെ പ്രധാന പൊതുഗതാഗത സംവിധാനമാണ് പൂർണ്ണതോതിൽ വീണ്ടും സജ്ജമായിരിക്കുന്നത്. സ്റ്റേഷൻ അറ്റകുറ്റപ്പണികൾക്കായി ഈ വർഷം ജനുവരിയിലാണ് മോണോറെയിൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ചത്.

യാത്രക്കാർക്ക് പാം മോണോറെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. വൺവേ ടിക്കറ്റ് നിരക്ക് 5 ദിർഹം മുതലും റൗണ്ട് ട്രിപ്പ് (ടു-വേ) നിരക്ക് 10 ദിർഹം മുതലുമാണ് ആരംഭിക്കുന്നത്. പാം ജുമൈറയിലെ ഏക പൊതുഗതാഗത സംവിധാനമായ ഈ 5.5 കിലോമീറ്റർ മോണോറെയിൽ റൂട്ടിൽ പാം ഗേറ്റ്‌വേ, അൽ ഇത്തിഹാദ് പാർക്ക്, നഖീൽ മാൾ, അറ്റ്‌ലാന്റിസ് അക്വാവെഞ്ചർ എന്നീ പ്രധാന സ്റ്റേഷനുകളാണുള്ളത്.

സർവീസ് നിർത്തിവെച്ചിരുന്ന കാലയളവിൽ പാം ജുമൈറയിൽ യാത്ര ചെയ്യുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രത്യേക ഹലാ ടാക്സി സേവനങ്ങൾ ഏർപ്പെടുത്തിയിരുന്നു. സർവീസ് വീണ്ടും തുടങ്ങിയത് പാം ജുമൈറയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാകും.