വോയ്‌സ് ക്ലോണിങ്, ഡീപ്‌ഫേക്ക് ഭീഷണി: എ.ഐ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പോലീസ്
നിർമിതബുദ്ധിയുടെ (AI) കടന്നുവരവോടെ വ്യാജ സന്ദേശങ്ങളും ശബ്ദാനുകരണവും ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായി ദുബൈ പോലീസിന്റെ ഫ്യൂച്ചർ ഫൊറെസൈറ്റ് സെന്റർ റിപ്പോർട്ട്. ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണ മാസ ആചരണത്തിന്റെ ഭാഗമായി 'നിർമിതബുദ്ധി കാലത്തെ ഭാവി തട്ടിപ്പുകളും കുറ്റകൃത്യങ്ങളുടെ മാറ്റങ്ങളും' എന്ന പഠന റിപ്പോർട്ടിലാണ് പോലീസ് ജാഗ്രതാ നിർദേശം നൽകിയത്. ഭാഷാപരമായ തെറ്റുകളില്ലാതെ തികച്ചും സ്വാഭാവികമായ രീതിയിൽ വ്യാജ സന്ദേശങ്ങളും ഇമെയിലുകളും നിർമിക്കാൻ ജനറേറ്റീവ് എ.ഐ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
വെറും 3 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദരേഖ ഉപയോഗിച്ച്, യഥാർത്ഥ ശബ്ദത്തോട് 85 ശതമാനത്തോളം സാമ്യമുള്ള വ്യാജ ശബ്ദം നിർമിക്കുന്ന 'വോയ്‌സ് ക്ലോണിങ്' ആണ് മറ്റൊരു പ്രധാന ഭീഷണി. സ്ഥാപന മേധാവികളുടെയോ പ്രിയപ്പെട്ടവരുടെയോ ശബ്ദത്തിൽ അടിയന്തരമായി പണം ആവശ്യപ്പെട്ടാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.
സംശയാസ്പദമായ ഇമെയിലുകളുടെയും സന്ദേശങ്ങളുടെയും ഉറവിടം പരിശോധിക്കുക, അക്കൗണ്ടുകൾക്ക് ടൂ-ഫാക്ടർ ഓതന്റിക്കേഷൻ (2FA) നിർബന്ധമാക്കുക, വിശ്വസനീയമല്ലാത്ത ലിങ്കുകൾ വഴി ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ പങ്കുവെക്കരുത് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഫ്യൂച്ചർ ഫൊറെസൈറ്റ് സെന്റർ ഡയറക്ടർ ബ്രി. ഡോ. ഹംദാൻ അഹമ്മദ് ഹംദാൻ അൽ ഗാസിയ വ്യക്തമാക്കി.
