വ്യാജ പാർട്ട് ടൈം തൊഴിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുകയും അനധികൃത സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളാക്കുകയും ചെയ്യുന്ന വ്യാജ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ദുബൈ പൊലീസ് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ഒക്ടോബറിലെ സൈബർ സുരക്ഷാ ബോധവൽക്കരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ഡിജിറ്റൽ പ്രചാരണത്തിന്റെ ഭാഗമായാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്റർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
നിയമപരമായ ലൈസൻസുള്ള സ്ഥാപനങ്ങൾ മാത്രമാണ് യഥാർത്ഥ തൊഴിൽ അവസരങ്ങൾ നൽകുന്നതെന്നും അതിനാൽ ഉദ്യോഗാർത്ഥികൾ സ്ഥാപനങ്ങളുടെ വിലാസവും വിവരങ്ങളും ഔദ്യോഗിക ചാനലുകൾ വഴി ഉറപ്പുവരുത്തണമെന്നും പൊലീസ് വ്യക്തമാക്കി. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വ്യാജ പരസ്യങ്ങളിൽ വീഴരുതെന്നും ജോലി നേടുന്നതിനായി ആർക്കും പണം നൽകരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് കമ്മീഷൻ വ്യവസ്ഥയിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നത് വൻ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമാണെന്നും ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നവരുമായുള്ള ആശയവിനിമയം ഉടനടി അവസാനിപ്പിക്കണമെന്നും ദുബൈ പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
