ദുബായിൽ ജൂൺ ഒന്നുമുതൽ പാർക്കിങ്, ടോൾ സേവനങ്ങൾക്ക് നികുതി; പ്രഖ്യാപനവുമായി പാർക്കിനും സാലിക്കും
ദുബൈയിലെ പാർക്കിങ്-ടോൾ സേവനങ്ങളിൽ ജൂൺ ഒന്നുമുതൽ അഞ്ച് ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പാർക്കിനും സാലിക്കും. യുഎഇയിലെ നികുതി നിയമങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമായാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.
ദുബൈയിലെ ഏറ്റവും വലിയ പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ, റോഡരികിലെയും അല്ലാത്തതുമായ പൊതു പാർക്കിങ്ങുകൾ, സീസണൽ കാർഡുകൾ, വിവിധ പെർമിറ്റുകൾ, റിസർവേഷനുകൾ എന്നിവയ്‌ക്കെല്ലാം അഞ്ച് ശതമാനം നികുതി ബാധകമാകുമെന്ന് അറിയിച്ചു.അതേസമയം, ടോൾ ഗേറ്റ് സേവനദാതാക്കളായ സാലിക്കും ജൂൺ ഒന്നു മുതൽ ടോൾ നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ഈ തുക ഫെഡറൽ നികുതി അതോറിറ്റിയിലേക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചു.
പൊതു പാർക്കിങ് സേവനങ്ങൾക്ക് നികുതി ബാധകമാക്കുന്ന പാർക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സാലിക്കിന്റെയും പുതിയ തീരുമാനം പുറത്തുവന്നത്. പുതിയ നിരക്കുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ ഉപഭോക്താക്കൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.
