ദുബൈ തീരമേഖലയിൽ സുരക്ഷ ശക്തമാക്കാൻ പട്രോളിങ്

  1. Home
  2. International

ദുബൈ തീരമേഖലയിൽ സുരക്ഷ ശക്തമാക്കാൻ പട്രോളിങ്

dubai


തീരമേഖലകളിൽ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ പട്രോളിങ് അടക്കം വിവിധ സംവിധാനങ്ങൾ നടപ്പിലാക്കി ദുബൈ പൊലീസ്.കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ദുബൈ പോർട്‌സ് പൊലീസ് സ്റ്റേഷനിൽ നടത്തിയ സന്ദർശനത്തോട് അനുബന്ധിച്ചാണ് സുരക്ഷ നടപടികൾ വെളിപ്പെടുത്തിയത്. നഗരത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും ബീച്ചിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ബീച്ച് പട്രോളിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

വലിയ പരിപാടികൾ നടക്കുന്ന സമയങ്ങളിൽ ദുബൈയുടെ തീരപ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളും പങ്കാളിത്തം വഹിക്കണമെന്ന് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ആവശ്യപ്പെട്ടു. സമുദ്ര രക്ഷാദൗത്യത്തിൽ പരിശീലനം നേടാൻ സമൂഹത്തിലെ അംഗങ്ങൾക്ക് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികൾക്ക് ജീവൻരക്ഷാ നടപടികൾ പരിചയപ്പെടുത്തുന്നതിനായി സമ്മർ ട്രെയ്‌നിങ്ങും അധികൃതർ ആസൂത്രണം ചെയ്തിട്ടുണ്ട്. ചെറുപ്രായത്തിൽതന്നെ സുരക്ഷ അവബോധം കുട്ടികളിൽ വളർത്താൻ ഇത് ഉപകരിക്കും. സന്ദർശനത്തിനിടെ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ബോട്ടുകളും ജെറ്റ് സ്‌കീകളും അടക്കമുള്ള സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തു. കഴിഞ്ഞവർഷം പൊലീസ് സ്റ്റേഷൻ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചുനൽകുകയും ചെയ്തു. നൂറിലേറെ പരിപാടികളും ചാമ്പ്യൻഷിപ്പുകളും 12 സമുദ്ര മേഖലകളിലും ഏഴ് കരമേഖലകളിലുമായി കഴിഞ്ഞ വർഷം നടത്തിയിട്ടുണ്ട്.